ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ്
- 2026-09-10
- HOPE Centre, Pilathara
Hosted by: ഹോപ്പ് പിലാത്തറ
എസ്. എം. എ. ബാധിതരായി ജീവിതം വീൽചെയറിൽ തളച്ചിടപ്പെട്ട കടന്നപ്പള്ളി കണ്ടോന്താറിലെ പരേതയായ തമ്പായി അമ്മയുടെ മക്കൾ പ്രകാശനും വിജയനും വേണ്ടി കണ്ടോന്താറിലെ വ്യാപാരി അബ്ദുൽ റഹിമാനും സുഹൃത്തുക്കളും ചേർന്ന് കണ്ടെത്തിയ സഹായധനം കടന്നപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി. വി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഹോപ്പ് സെന്ററിൽ വച്ചു നടത്തിയ ചടങ്ങിൽ വച്ച് കാസറഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ വിതരണം ചെയ്തു. 50000 രൂപ വീതമുള്ള സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ വിജയനും പ്രകാശനും, 150000 ന്റെ ഡി ഡി യും ഹോപ്പിൽ മരുന്നെടുക്കുന്നതിനുള്ള സഹായനിധിയിലേക്ക് അബ്ദുൽ റഹിമാൻ നൽകുന്ന തുകയും ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ. എസ്സ്. ജയമോഹനും ഏറ്റുവാങ്ങി. കഴിഞ്ഞ 19 വർഷമായി ഹോപ്പിന്റെ സ്നേഹത്തണലിലുള്ള വിജയനെയും പ്രകാശനെയും ജനുവരിയിൽ മരണപ്പെട്ട അമ്മയെയും ഹോപ്പിൽ എത്തിച്ച് സുരക്ഷിതരാക്കാൻ സാധിച്ചതിലുള്ള സന്തോഷവും ആശ്വാസവും തുടർന്ന് സംസാരിച്ച ശ്രീകല ടീച്ചർ, പ്രസാദ്, അബ്ദുൽ റഹിമാൻ, കെ. പി. മുരളീധരൻ, ജാക്വലിൻ ബിന്ന സ്റ്റാൻലി എന്നിവർ അറിയിക്കുകയും മനുഷ്യ സ്നേഹത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായി നിൽക്കുന്ന ഹോപ്പിൽ ഇനിയും അനേകങ്ങൾ സുരക്ഷിതരാകട്ടെ എന്നാശംസിക്കുകയും ചെയ്തു.